കുന്നത്തുനാട്: കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്. ഭരണസമിതി വിവേചനം കാണിക്കുന്നു, വികസന പദ്ധതികൾ അട്ടിമറിക്കുന്നു, കോർപ്പറേറ്റ് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നു എന്നീ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.
പുതിയ റോഡുകൾക്കായി ഫണ്ട് പോലും നൽകാൻ കഴയാത്ത ഭരണസമിതിയാണ് നിലവിൽ ഭരിക്കുന്നത്. ഒരു റോഡ് മാത്രമാണ് ബി.എം, ബി.സി നിലവാരത്തിൽ ടാർ ചെയ്തിട്ടുള്ളത്, അതും പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്നാണ്. 36 കോളനികളുള്ള കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ, അഞ്ച് വർഷത്തിനിടയിൽ ഒരു കോളനിയിൽപോലും റോഡ് റീട്ടാറിങ് ചെയ്യാനോ സമഗ്ര വികസനം നടത്താനോ ഭരണസമിതിക്ക് സാധിച്ചിട്ടില്ല എന്നും പ്രതിപക്ഷം പറഞ്ഞു.
ഗ്രാമപഞ്ചായത്തിന്റെ ഫണ്ടിൽ സ്ട്രീറ്റ് ലൈറ്റുകൾ നിർമ്മിക്കാൻ പണമുണ്ടായിട്ടും ട്വന്റി20 യുടെ വാർഡുകളില്ലാതെ പ്രതിപക്ഷത്തിന്റെ വാർഡുകളിൽ നിർമ്മിച്ചു നൽകിയില്ല. ജലജീവൻ പദ്ധതിയിലൂടെ റോഡുകൾ തകർന്ന് തരിപ്പണമായി കിടക്കുകയാണ്. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ 5 കോടി രൂപ ഉണ്ടായിരുന്നിട്ടും, അതിൽനിന്ന് 1 കോടി രൂപയെങ്കിലും എടുത്ത് തകർന്ന റോഡുകൾ നന്നാക്കിയെടുക്കാൻ ഭരണസമിതി ഇതുവരെയും തയ്യാറായിട്ടില്ല.
ഒളിമ്പിക്സ് താരം പി.ആർ ശ്രീജേഷിന്റെ പേരിലുള്ള സ്റ്റേഡിയത്തിനായി കൊച്ചി റിഫൈനറി നൽകിയ 1 കോടി രൂപയിൽ 15 ലക്ഷം രൂപ മാത്രമാണ് വിനിയോഗിച്ചത്. ബാക്കി 85 ലക്ഷം രൂപ ലാപ്സാക്കി കളഞ്ഞു. കോർപ്പറേറ്റ് ഭരണമാണ് കുന്നത്തുനാട്ടിൽ നടക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
മുൻ പ്രസിഡണ്ട് തന്നെ ഭരണസമിതിക്കെതിരെ ആരോപണം ഉന്നയിച്ച സ്ഥിതിയാണ് നിലവിലുള്ളത്. നാല് വർഷം പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം.വി നിതാമോൾ പാർട്ടിയിലെ 10 മെമ്പർമാർക്കെതിരെ, ഗ്രാമസഭകളിൽ തിരിമറി നടത്തി എന്ന പേരിൽ, ഓംബുഡ്സ്മാനും, വിജിലൻസിനും പരാതിനല്കിയിരുന്നു. കഴിഞ്ഞ 5 വർഷത്തിനിടയിൽ ഭരണസമിതി പൂർത്തിയാക്കിയ പദ്ധതികളിൽ എടുത്തു പറയാൻ ഒരെണ്ണം പോലും ഇല്ല എന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
യു. ഡി. എഫ് അധികാരത്തിൽ വന്നാൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പ്രധാന പദ്ധതികൾ:
- പള്ളിക്കര ജംഗ്ഷനിലെ ബ്ലോക്ക് അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും.
- എറണാകുളത്തേക്കും പെരുമ്പാവൂരിലേക്കും പോകാനുള്ള ബസ് സ്റ്റാൻഡ് നിർമിക്കും.
- ശ്രീജേഷ് സ്റ്റേഡിയത്തിന്റെ പണി പൂർത്തീകരിച്ച് ജനങ്ങൾക്ക് സമർപ്പിക്കും.
- ടി.എച്ച്. മുസ്തഫയുടെ പേരിൽ പട്ടിമറ്റത്ത് ഭക്ഷ്യസുരക്ഷാ മാർക്കറ്റ് ആരംഭിക്കും. യു.ഡി.എഫ്. ഭരണസമിതി കയറിയാൽ, 25% സബ്സിഡിയോടുകൂടി എല്ലാ കുടുംബാംഗങ്ങൾക്കും ഇവിടെനിന്ന് സാധനങ്ങൾ ലഭ്യമാക്കാനും തീരുമാനമെടുത്തിട്ടുണ്ട് എന്നും പ്രതിപക്ഷം പറഞ്ഞു.

