കുന്നത്തുനാട്: ഗുരുതര ആരോപണങ്ങളാണ് കുന്നത്തുനാട് പഞ്ചായത്തിനെതിരെ പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നത്. സ്വജനപക്ഷപാതം, കോർപ്പറേറ്റ് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് ഭരണസമിതിയെ മുറുക്കിവലിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് എല്ലാ പാർട്ടികൾക്കും നിർണായകമാണ്. പ്രതിപക്ഷത്തിൽ നിന്നുയരുന്നത് ശക്തമായ ആരോപണങ്ങൾ ആയതുകൊണ്ടുതന്നെ ജനങ്ങളുടെ അഭിപ്രായം ഇതിൽ ഒഴിച്ചുകൂടാനാകാത്തതാണ്. ഭരണസമിതിൽ തന്നെയുള്ള തർക്കങ്ങളും വാഗ്വാദങ്ങളും ഉടലെടുക്കുന്നതും തിരഞ്ഞെടുപ്പിന് ആക്കം കൂട്ടുന്നുണ്ട്.
മറ്റു മുന്നണികൾ സൂക്ഷിച്ചാണ് കരുക്കൾ നീക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിലും ഇത് പ്രതീക്ഷിക്കാം. ഭരണ സമിതിയെ അട്ടിമറിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയെ കൊണ്ടുവരേണ്ടതുകൊണ്ടുതന്നെ മുന്നണികളിൽ നിറഞ്ഞ ചർച്ചകളാണ് നടക്കുന്നത്. പല പാർട്ടികളുടെയും അഭിമാനപ്രശ്നമായും ഈ തിരഞ്ഞെടുപ്പ് മാറുന്നുണ്ട്. ഒപ്പം പിടിച്ചുനിക്കലും. സ്ഥാനാർത്ഥി നിർണയം നവംബർ ആദ്യ ആഴ്ചയിൽ തന്നെ നടക്കാനിരിക്കെ ആരായിരിക്കും സ്ഥാനാർത്ഥി എന്നത് ചോദ്യചിഹ്നമാണ്. എന്തായാലും മികച്ചൊരു പോരാട്ടം കാണാനാകും എന്നാണ് പൊതുധാരണ.

