തിരുവാണിയൂർ: നവംബർ 5 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നിരിക്കെ സ്ഥാനാർഥി നിർണയം ധ്രുതഗതിയിലാക്കി തിരുവാണിയൂർ പഞ്ചായത്തിലെ മുന്നണികൾ. സ്ഥാനാർഥി നിർണയം അന്തിമഘട്ടത്തിലാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
സംവരണ സീറ്റുകളിൽ സ്ഥാനാർത്ഥികളുടെ ലഭ്യത കുറവും പാർട്ടി നേതൃത്വങ്ങൾക്ക് തലവേദനയാവുകയാണ്. പാർട്ടികളിൽ ഒരു വിഭാഗം തലമുറ മാറ്റം ആവശ്യപ്പെടുമ്പോൾ മുതിർന്ന നേതാക്കന്മാർ അതിനെ എതിർക്കുന്നത് പാർട്ടികളിൽ തന്നെ ചേരി തിരിവിന് കാരണമാകുന്നുണ്ട്. സ്വന്തം പാർട്ടിയിൽ തന്നെ ചേരിതിരിഞ്ഞുള്ള പോരാട്ടങ്ങൾ എതിർ പാർട്ടികൾ തങ്ങളുടെ പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ട്. വാട്സ് ആപ് ഉൾപ്പെടെയുളള സമൂഹമാധ്യമങ്ങളിൽ പാർട്ടി പ്രവർത്തകർ തമ്മിലും പാർട്ടിക്കകത്തുളളവർ തമ്മിലും യുദ്ധം മുറുകുന്നത് പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിച്ചത് മുതൽ ഭരണം തുടരും എന്ന പ്രതീക്ഷയിലാണ് നിലവിലെ ഭരണ സമിതി. പഞ്ചായത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്നാണ് ഭരണ സമിതി അവകാശപ്പെടുന്നത്. എന്നാൽ പ്രത്യാരോപണങ്ങളുമായി പ്രതിപക്ഷവും സജീവമായി തന്നെ രംഗത്തുണ്ട്.
ജനങ്ങളുടെ ക്ഷേമത്തിനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഊന്നൽ നൽകി നിരവധി മാതൃകാപരമായ പ്രവർത്തനങ്ങളാണ് നിലവിലെ ഭരണസമിതി നടത്തി എന്ന് ഭരണപക്ഷം അവകാശപ്പെടുന്നു. എന്നാൽ പഞ്ചായത്തിനെ കാര്യമായ പുരോഗതിയിലെത്തിക്കാൻ കഴിയാത്ത ഈ ഭരണപക്ഷം തിരഞ്ഞെടുപ്പിൽ പരാജപ്പെടുമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

