ഐക്കാരനാട്: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് മൂർദ്ധന്യത്തിൽ നിൽക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഐക്കാരനാട് പഞ്ചായത്തിൽ പ്രതീക്ഷിക്കുന്നത്. ഭരണസമിതിക്കെതിരെ മറ്റു മുന്നണികളിൽനിന്നും ഉയരുന്നത് ഗുരുതര ആരോപണങ്ങളാണ്. സ്വജനപക്ഷപാതവും, അട്ടമറികളും തുടങ്ങി നിരവധി ആരോപണങ്ങളാണ് മുന്നണികൾ ഉയർത്തിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ ജനങ്ങൾ ഈ ആരോപണങ്ങളെ എങ്ങനെ വിലയിരുത്തും എന്നുള്ളതും കാത്തിരുന്നുകാണേണ്ടതാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എതിരാളികളില്ലാതെ പൂർണ വിജയം ഭരണസമിതിക്ക് കൈവരിക്കാൻ ആയതുകൊണ്ടുതന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് മറ്റു മുന്നണികൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഭരണസമിതിക്ക് പഞ്ചായത്തിൽ വേരുറയ്ക്കാൻ കഴിഞ്ഞതുകൊണ്ട് പ്രതിപക്ഷത്തിൽ നിന്നും വരുന്ന സ്ഥാനാർത്ഥി ജനങ്ങൾക്ക് പ്രിയങ്കരനായിരിക്കണം. അതുകൊണ്ട് മറ്റു മുന്നണികൾ സൂക്ഷിച്ചാണ് കരുക്കൾ നീക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിലും ഇത് പ്രതീക്ഷിക്കാം. വലിയൊരു തിരഞ്ഞെടുപ്പ് യുദ്ധം പ്രതീക്ഷിക്കാനാകും എന്നാണ് മുന്നണികൾ പറയുന്നത്.

